Sunday, September 1, 2013

ഞാനാരാ മോൻ....

ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയതായിരുന്നു ഞാൻ. പതിവില്ലാതെ ഉമ്മറത്തെ വാതിൽ മലർക്കെ തുറന്നിട്ടിരുന്നു. ബൈക്ക് നിറുത്തി ഒതുക്കി വെച്ച് വീട്ടിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മനസ്സിലായി വീടിനകത്ത് ആരൊക്കെയോ ഉണ്ട്, വല്ല വിരുന്നുകാരാവും എന്നാ കരുതിയത്. ഞാൻ വീട്ടിലേക്ക് കയറുമ്പോ അതാ അയാൾവാസികൾ ചിലർ പുറത്തേക്ക് വന്നു മുഖത്ത് നോക്കി ഒരു ചിരിയും പാസ്സാക്കി നടന്നു പോകുന്നു, എന്തൊക്കെയോ പതുകെ പിറുപിറുത്തും കൊണ്ട് അവർ പോയി. വീട്ടിൽ ഉമ്മറത്തൊന്നും വേറെ ആരെയും കാണാനും ഇല്ലാ. പിന്നെ സംസാരം കേൾകുന്നത് അടുക്കളയിൽ നിന്നുമാണെന്നു മനസ്സിലായി. അടുക്കളയിലേക്ക് പോവുന്നതിൻ മുമ്പേ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തച്ചു (എന്റെ അനിയത്തി) മുന്നിൽവന്നു. കാര്യം എന്തെന്ന് തിരക്കുന്നതിനു മുൻപേ തന്നെ കുഞ്ഞാ എന്നും വിളിച്ചും കൊണ്ട് അവൾ പിന്നെയും കരയാൻ തുടങ്ങി. എനിക്കാകെ പേടിയായി.. അയൽവാസികളുടെ പതിവില്ലാത്ത സന്ദർശനവും, അനിയത്തിയുടെ കരച്ചിലും ഞാൻ അവളെയും കൂട്ടി അടുക്കളയിലേക്ക് നടന്നു. അടുക്കളയിൽ നിന്നും അടുത്ത വീട്ടിലെ മിനി ചേച്ചി യുടെ ശബ്ദം കേൾകുന്നുണ്ട്, ഉമ്മച്ചിയും മിനിചേച്ചിയും പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ ചിമ്മിനിഅടുപ്പിന്റെ അടുത്ത് നിന്ന് സംസാരിക്കുന്നുണ്ട്. ഞാനും എന്താണ് കാര്യം എന്നറിയാൻ അടുപ്പിന്റെ അടുത്തേക്ക് നീങ്ങി നിന്നു. അപ്പോഴാണ്‌ തച്ചുന്റെ കരച്ചിലിന്റെ കാര്യം എനിക്ക് മനസ്സിലായത്. ആ ദയനീയമായ കാഴ്ച കണ്ട് സത്യത്തിൽ എനിക്കും സങ്കടം വന്നുപോയി. ഞങ്ങളുടെ പൊന്നോമന ജൂനി അതാ മേലാസകലം ചെളിയും കരിയും പുരണ്ട് അടുപ്പിന്റെ അടുത്ത് ചലനമറ്റു കിടക്കുന്നു. എനിക്കൊനും മനസ്സിലായില്ല. ജൂനിയുടെ ഈ ദുരവസ്ഥ എങ്ങിനെ ഉണ്ടായി എന്നും എനിക്ക് മനസ്സിലായില്ല.. ഞാൻ വേഗം ജൂനിയേ എന്റെ കയ്യിൽ എടുത്തു, ജീവൻ ബാക്കി ഉണ്ടെന്ന പോലെ നെഞ്ചിലെ ഇടിപ്പ് അനുഭവപ്പെട്ടു. തച്ചു പിന്നെയും കരഞ്ഞു.. കുഞ്ഞാ നമ്മടെ ജൂനി.... ആശുത്രി കൊണ്ടോവാ കുഞ്ഞാ..... ഞാനും ആലോചിച്ചു പെട്ടെന്ന് ആശുപത്രിയില കൊണ്ട് പോയാലോ? പക്ഷെ ആ നേരത്ത് ജൂനിയേ ഏത് ആശുപത്രിൽ എടുക്കാൻ ആണ്. ഇതൊക്കെ കേട്ട് നിന്ന മിനിചേച്ചി പറഞ്ഞു... ആശുപത്രിൽ ഒന്നും പോണ്ടാ..നിങ്ങൾ ആരെങ്കിലും ആ വിക്സോ ടൈഗർ ബാമോ ഇങ്ങൊട്ടെടുത്തെ, ഉമ്മച്ചി വിക്സ് എടുത്തോണ്ട് വന്നു, മിനിചേച്ചി അതില്നിന്നും ഒരല്പം തോണ്ടി എടുത്ത് ജൂനിയുടെ തലക്കും നടുവിനും ഇടയിലായി പതുക്കെ ഒന്ന് തടവി. ഒരനക്കവും ഇല്ലാതെ കിടന്ന ജൂനി അതാ കണ്ണുതുറന്ന് തലതിരിച്ച് ഞങ്ങളെ എല്ലാം നോക്കുന്നു. എന്തായാലും ചികിത്സ ഫലിച്ചു, ഉടനെ തന്നെ മൂപ്പര് കിടന്നിടത്തുന്നും എണീറ്റ് എന്താ ഇവടെ പ്രശ്നം എന്ന ചോദിക്കും പോലെ എല്ലാരേയും മാറി മാറി നോക്കി. പിന്നെ അവിടെ തന്നെ കിടന്ന് തലതിരിച്ച് മേലാസകലം നക്കിതുടച്ച് വൃത്തിയാക്കാൻ തുടങ്ങി. അത് കണ്ടപ്പോ ഒരു സമാധാനം ആയി. പിന്നെ ആണ് ഞാൻ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നതിനെ പറ്റി ഗവേഷിക്കാൻ തുടങ്ങിയത്.

പേരിടല്‍ മഹാമഹം

എന്റെ മുന്നില്‍ കുറെ പേരുകള്‍ ഉണ്ടായിരുന്നു. "ബെല്‍", "സ്നോ വയിറ്റ്‌" എന്നിങ്ങനെ. പക്ഷെ ഇതെല്ലാം മാറി മാറി വിളിച്ചിട്ടും എന്റെ പൂച്ച മയിന്റ്റ്‌ ചെയ്തില്ല. അവസാനം "ജൂനി" എന്നു വിളിച്ചപ്പോള്‍ സന്തോഷ സൂചകമായി ഒന്നു കരഞ്ഞു മ്യാവൂ...... അങ്ങനെ ജൂനി ഞങ്ങളുടെ വീട്ടിലെ ഒരു അംഗമായി. വീടിനുള്ളില്‍ എല്ലാ സ്വാതന്ത്ര്യവും, എവിടെ വേണേലും കേറാം, എന്ത് വേണേലും തിന്നാം കുടിക്കാം അങ്ങനെ.... ഒരു ആറുമാസക്കാലം പുറത്തൊന്നും പോകാതെ സുക ജീവിതം. സമയാസമയത്ത് ഭക്ഷണം, കുടിക്കാന്‍ പാല്, പിന്നെ ദിവസം രണ്ടു നേരം മുറതെറ്റാതെ മണ്ണില്‍ ഇറക്കിവിടും. പ്രാഥമിക കാര്യങ്ങളൊക്കെ അവിടെ മാത്രം.

കുഞ്ഞൂന്റെ പൂച്ച കുഞ്ഞുപൂച്ച

2005 - )o ആണ്ടിലെ ഒരു ഡിസംബര്‍ മാസം. ഞാനും എന്റെ ഉറ്റ സ്നേഹിതന്‍ ജോയ്സും കൂടി പതിവ് വായ്നോട്ടവും കഴിഞ്ഞു തിരിച്ചു വരുന്ന സമയത്താണ് അതായത് ഒരു അഞ്ചര മണി, രെച്ചു നിച്ചു എന്നീ രണ്ടു പെണ്‍കുരുന്നുകളെ അവരവരുടെ വീടുവരെ കൊണ്ടുചെന്നാക്കുക എന്നത് അക്കാലത്തെ പ്രധാന ദിനചര്യകളില്‍ ഒന്നായിരുന്നു. അങ്ങനെ തിരികെ വരുന്ന വഴിയിലാണ് ഞാന്‍ ആ ശബ്ദം കേട്ടത്.. മ്യാവൂ... മ്യാവൂ.... കേട്ടപ്പോള്‍ തന്നെ അതൊരു കുഞ്ഞു പൂച്ചയാണെന്ന് എനിക്ക് മനസ്സിലായി. എന്തോ പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിലിന് എന്നെ എന്നെ പിടിച്ചു നിറുത്താനുള്ള ഒരു മാന്ത്രിക ശക്തി ഉണ്ടായിരുന്നപോലെ.., ശബ്ദം കേട്ടപാടെ ഞാന്‍ ബ്രെക്കില്ലാത്ത എന്റെ പാട്ട സൈക്കിള്‍ ഗ്രിപ്പില്ലാത്ത ചെരുപ്പുകൊണ്ടു റോഡില്‍ സ്കിഡ് ചെയ്തു നിറുത്തി. ജോച്ചാ, ഒരു പൂച്ച കുഞ്ഞിന്റെ ശബ്ദം, ഞാനൊന്നു നോക്കട്ടെടാ... അവന്‍ പറഞ്ഞു നീ ഇങ്ങു വന്നേ, വേറെ ഒരു പണിയും ഇല്ലാതെയാ.. പക്ഷെ ഞാന്‍ പിന്മാറിയില്ല, സൈക്കിള്‍ അവിടെ ഇട്ട് പോന്തക്കാടിനുള്ളില്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി, അവിടെ നിന്നാണ് എന്റെ ജീവിതത്തിലേക്ക് എന്റെ സ്വന്തമായി ഒരു മ്യാവുവിനെ കിട്ടിയത്. ആ കാടും പടലുമെല്ലാം വകഞ്ഞു മാറ്റി ഞാന്‍ അതിന്റെ അടുത്തെത്തി അതിനെ കയ്യിലെടുത്തു. എന്റെ ഉള്ളം കയ്യില്‍ മാത്രം ഒതുങ്ങുന്ന വലിപ്പം, നന്നേ കുഞ്ഞ്, ഉയര്‍ന്നു തെറിച്ചു നില്‍ക്കുന്ന അപ്പൂപ്പന്‍ താടി പോലുള്ള രോമങ്ങള്‍, തൂവെള്ള നിറം, നീല കണ്ണുകള്‍. ഞാന്‍ ആദ്യമായായിരുന്നു നീല കണ്ണുള്ള പൂച്ചയെ കാണുന്നത്. ഞാന്‍ കയ്യിലെടുത്തതും അത് കരച്ചിലോക്കെ നിറുത്തി എന്ന്റെ മുഖത്തേക്കും നോക്കി ഇരുപ്പായി. ഒരു ചെറിയ പഞ്ഞിക്കെട്ടു എന്റെ കയ്യില്‍ ഇരിക്കുന്നതായെ തോന്നു. ഞാന്‍ അതിനെയും കൊണ്ട് ജോയ്സിന്റെ അടുത്തെത്തി. ഒറ്റ നോട്ടത്തില്‍ തന്നെ അവനും അതിനെ വലിയ ഇഷ്ടമായി. പിന്നെ അതിനെ എടുക്കാന്‍ എന്റെ കൂടെ വരാതിരുന്ന കാരണം അവനു ആവശ്യപ്പെടാന്‍ അവസരം ഇല്ലാതെ പോയി. അങ്ങനെ ഞാന്‍ അന്നിട്ടിരുന്ന 'ഗ്യാപ്‌' ടി ഷര്‍ട്ടിന്റെ പോക്കറ്റില്‍ അതിനെ ഇട്ടുകൊണ്ട് വീട്ടിലേക്ക്‌, അതും രേച്ചുവിന്റെ വീടിന്റെ മുന്നിലൂടെ തന്നെ. (വേറെ നല്ല വഴികള്‍ പലതുണ്ടെങ്കിലും ജോയ്സിന് ആ വഴി മാത്രമായിരുന്നു ഇഷ്ടം). അങ്ങനെ ഞാന്‍ വീട്ടിലെത്തി, അന്ന് വീട്ടില്‍ ഞാനും ഉമ്മയും അനിയത്തിയും മാത്രം. കുഞ്ഞ് പൂച്ചയെ പോകറ്റില്‍ നിന്നും എടുത്തു തറയില്‍ വച്ചു. പൂച്ചകളെ വലിയ ഇഷ്ടമാണെങ്കിലും ഞങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉമ്മ പൂച്ചയെ വളര്‍ത്താന്‍ സമ്മതിച്ചിരുന്നില്ല. എന്തോ ഇത്തവണ എല്ലാര്ക്കും പൂച്ചയെ ഇഷ്ടമായി അല്ലെങ്കിലും ഈ നീണ്ടു പരന്നു കിടക്കുന്ന നീലാകാശത്തെ കണ്ണില്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ആ കുഞ്ഞ് പഞ്ഞിക്കെട്ടിനെ ഇഷ്ടമാവാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക?? ഞാന്‍ പിന്നെ അതിനു എന്തെങ്കിലും കഴിക്കാന്‍ കൊടുക്കാനുള്ള വ്യഗ്രതയിലായി. ഒരു ചെറിയ പാത്രത്തില്‍ പാല് ചൂടാക്കി കൊണ്ടുവന്നു കൊടുത്തു, അപ്പോഴാണ്‌ മനസ്സിലാവുന്നത് അത് തനിയെ തിന്നാനും കുടിക്കനുമൊന്നും പ്രായമാവാത്ത ഒരു കുഞ്ഞാണെന്നു, എന്നാലും ഒരു വിധത്തില്‍ സ്പൂണ്‍ കൊണ്ട് കോരിക്കൊടുത്ത്‌ അതിന്റെ വിശപ്പ്‌ മാറ്റി. വിശപ്പ്‌ മാറിയത് കൊണ്ടാവണം പരിസരം മറന്ന് അത് ഉറക്കവും ആയി.