Sunday, September 1, 2013

കുഞ്ഞൂന്റെ പൂച്ച കുഞ്ഞുപൂച്ച

2005 - )o ആണ്ടിലെ ഒരു ഡിസംബര്‍ മാസം. ഞാനും എന്റെ ഉറ്റ സ്നേഹിതന്‍ ജോയ്സും കൂടി പതിവ് വായ്നോട്ടവും കഴിഞ്ഞു തിരിച്ചു വരുന്ന സമയത്താണ് അതായത് ഒരു അഞ്ചര മണി, രെച്ചു നിച്ചു എന്നീ രണ്ടു പെണ്‍കുരുന്നുകളെ അവരവരുടെ വീടുവരെ കൊണ്ടുചെന്നാക്കുക എന്നത് അക്കാലത്തെ പ്രധാന ദിനചര്യകളില്‍ ഒന്നായിരുന്നു. അങ്ങനെ തിരികെ വരുന്ന വഴിയിലാണ് ഞാന്‍ ആ ശബ്ദം കേട്ടത്.. മ്യാവൂ... മ്യാവൂ.... കേട്ടപ്പോള്‍ തന്നെ അതൊരു കുഞ്ഞു പൂച്ചയാണെന്ന് എനിക്ക് മനസ്സിലായി. എന്തോ പൂച്ചക്കുഞ്ഞുങ്ങളുടെ കരച്ചിലിന് എന്നെ എന്നെ പിടിച്ചു നിറുത്താനുള്ള ഒരു മാന്ത്രിക ശക്തി ഉണ്ടായിരുന്നപോലെ.., ശബ്ദം കേട്ടപാടെ ഞാന്‍ ബ്രെക്കില്ലാത്ത എന്റെ പാട്ട സൈക്കിള്‍ ഗ്രിപ്പില്ലാത്ത ചെരുപ്പുകൊണ്ടു റോഡില്‍ സ്കിഡ് ചെയ്തു നിറുത്തി. ജോച്ചാ, ഒരു പൂച്ച കുഞ്ഞിന്റെ ശബ്ദം, ഞാനൊന്നു നോക്കട്ടെടാ... അവന്‍ പറഞ്ഞു നീ ഇങ്ങു വന്നേ, വേറെ ഒരു പണിയും ഇല്ലാതെയാ.. പക്ഷെ ഞാന്‍ പിന്മാറിയില്ല, സൈക്കിള്‍ അവിടെ ഇട്ട് പോന്തക്കാടിനുള്ളില്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് നോക്കി, അവിടെ നിന്നാണ് എന്റെ ജീവിതത്തിലേക്ക് എന്റെ സ്വന്തമായി ഒരു മ്യാവുവിനെ കിട്ടിയത്. ആ കാടും പടലുമെല്ലാം വകഞ്ഞു മാറ്റി ഞാന്‍ അതിന്റെ അടുത്തെത്തി അതിനെ കയ്യിലെടുത്തു. എന്റെ ഉള്ളം കയ്യില്‍ മാത്രം ഒതുങ്ങുന്ന വലിപ്പം, നന്നേ കുഞ്ഞ്, ഉയര്‍ന്നു തെറിച്ചു നില്‍ക്കുന്ന അപ്പൂപ്പന്‍ താടി പോലുള്ള രോമങ്ങള്‍, തൂവെള്ള നിറം, നീല കണ്ണുകള്‍. ഞാന്‍ ആദ്യമായായിരുന്നു നീല കണ്ണുള്ള പൂച്ചയെ കാണുന്നത്. ഞാന്‍ കയ്യിലെടുത്തതും അത് കരച്ചിലോക്കെ നിറുത്തി എന്ന്റെ മുഖത്തേക്കും നോക്കി ഇരുപ്പായി. ഒരു ചെറിയ പഞ്ഞിക്കെട്ടു എന്റെ കയ്യില്‍ ഇരിക്കുന്നതായെ തോന്നു. ഞാന്‍ അതിനെയും കൊണ്ട് ജോയ്സിന്റെ അടുത്തെത്തി. ഒറ്റ നോട്ടത്തില്‍ തന്നെ അവനും അതിനെ വലിയ ഇഷ്ടമായി. പിന്നെ അതിനെ എടുക്കാന്‍ എന്റെ കൂടെ വരാതിരുന്ന കാരണം അവനു ആവശ്യപ്പെടാന്‍ അവസരം ഇല്ലാതെ പോയി. അങ്ങനെ ഞാന്‍ അന്നിട്ടിരുന്ന 'ഗ്യാപ്‌' ടി ഷര്‍ട്ടിന്റെ പോക്കറ്റില്‍ അതിനെ ഇട്ടുകൊണ്ട് വീട്ടിലേക്ക്‌, അതും രേച്ചുവിന്റെ വീടിന്റെ മുന്നിലൂടെ തന്നെ. (വേറെ നല്ല വഴികള്‍ പലതുണ്ടെങ്കിലും ജോയ്സിന് ആ വഴി മാത്രമായിരുന്നു ഇഷ്ടം). അങ്ങനെ ഞാന്‍ വീട്ടിലെത്തി, അന്ന് വീട്ടില്‍ ഞാനും ഉമ്മയും അനിയത്തിയും മാത്രം. കുഞ്ഞ് പൂച്ചയെ പോകറ്റില്‍ നിന്നും എടുത്തു തറയില്‍ വച്ചു. പൂച്ചകളെ വലിയ ഇഷ്ടമാണെങ്കിലും ഞങ്ങളുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉമ്മ പൂച്ചയെ വളര്‍ത്താന്‍ സമ്മതിച്ചിരുന്നില്ല. എന്തോ ഇത്തവണ എല്ലാര്ക്കും പൂച്ചയെ ഇഷ്ടമായി അല്ലെങ്കിലും ഈ നീണ്ടു പരന്നു കിടക്കുന്ന നീലാകാശത്തെ കണ്ണില്‍ ഒളിപ്പിച്ചു നില്‍ക്കുന്ന ആ കുഞ്ഞ് പഞ്ഞിക്കെട്ടിനെ ഇഷ്ടമാവാതിരിക്കാന്‍ ആര്‍ക്കാണ് കഴിയുക?? ഞാന്‍ പിന്നെ അതിനു എന്തെങ്കിലും കഴിക്കാന്‍ കൊടുക്കാനുള്ള വ്യഗ്രതയിലായി. ഒരു ചെറിയ പാത്രത്തില്‍ പാല് ചൂടാക്കി കൊണ്ടുവന്നു കൊടുത്തു, അപ്പോഴാണ്‌ മനസ്സിലാവുന്നത് അത് തനിയെ തിന്നാനും കുടിക്കനുമൊന്നും പ്രായമാവാത്ത ഒരു കുഞ്ഞാണെന്നു, എന്നാലും ഒരു വിധത്തില്‍ സ്പൂണ്‍ കൊണ്ട് കോരിക്കൊടുത്ത്‌ അതിന്റെ വിശപ്പ്‌ മാറ്റി. വിശപ്പ്‌ മാറിയത് കൊണ്ടാവണം പരിസരം മറന്ന് അത് ഉറക്കവും ആയി.

No comments:

Post a Comment