Sunday, September 1, 2013
ഞാനാരാ മോൻ....
ജോലി കഴിഞ്ഞ് തിരിച്ച് വീട്ടിലെത്തിയതായിരുന്നു ഞാൻ. പതിവില്ലാതെ ഉമ്മറത്തെ വാതിൽ മലർക്കെ തുറന്നിട്ടിരുന്നു. ബൈക്ക് നിറുത്തി ഒതുക്കി വെച്ച് വീട്ടിലേക്ക് കയറാൻ ഒരുങ്ങുമ്പോൾ മനസ്സിലായി വീടിനകത്ത് ആരൊക്കെയോ ഉണ്ട്, വല്ല വിരുന്നുകാരാവും എന്നാ കരുതിയത്. ഞാൻ വീട്ടിലേക്ക് കയറുമ്പോ അതാ അയാൾവാസികൾ ചിലർ പുറത്തേക്ക് വന്നു മുഖത്ത് നോക്കി ഒരു ചിരിയും പാസ്സാക്കി നടന്നു പോകുന്നു, എന്തൊക്കെയോ പതുകെ പിറുപിറുത്തും കൊണ്ട് അവർ പോയി. വീട്ടിൽ ഉമ്മറത്തൊന്നും വേറെ ആരെയും കാണാനും ഇല്ലാ. പിന്നെ സംസാരം കേൾകുന്നത് അടുക്കളയിൽ നിന്നുമാണെന്നു മനസ്സിലായി. അടുക്കളയിലേക്ക് പോവുന്നതിൻ മുമ്പേ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി തച്ചു (എന്റെ അനിയത്തി) മുന്നിൽവന്നു. കാര്യം എന്തെന്ന് തിരക്കുന്നതിനു മുൻപേ തന്നെ കുഞ്ഞാ എന്നും വിളിച്ചും കൊണ്ട് അവൾ പിന്നെയും കരയാൻ തുടങ്ങി. എനിക്കാകെ പേടിയായി..
അയൽവാസികളുടെ പതിവില്ലാത്ത സന്ദർശനവും, അനിയത്തിയുടെ കരച്ചിലും ഞാൻ അവളെയും കൂട്ടി അടുക്കളയിലേക്ക് നടന്നു.
അടുക്കളയിൽ നിന്നും അടുത്ത വീട്ടിലെ മിനി ചേച്ചി യുടെ ശബ്ദം കേൾകുന്നുണ്ട്, ഉമ്മച്ചിയും മിനിചേച്ചിയും പ്രത്യേകിച്ച് ഭാവവ്യത്യാസങ്ങൾ ഒന്നും ഇല്ലാതെ ചിമ്മിനിഅടുപ്പിന്റെ അടുത്ത് നിന്ന് സംസാരിക്കുന്നുണ്ട്.
ഞാനും എന്താണ് കാര്യം എന്നറിയാൻ അടുപ്പിന്റെ അടുത്തേക്ക് നീങ്ങി നിന്നു. അപ്പോഴാണ് തച്ചുന്റെ കരച്ചിലിന്റെ കാര്യം എനിക്ക് മനസ്സിലായത്. ആ ദയനീയമായ കാഴ്ച കണ്ട് സത്യത്തിൽ എനിക്കും സങ്കടം വന്നുപോയി.
ഞങ്ങളുടെ പൊന്നോമന ജൂനി അതാ മേലാസകലം ചെളിയും കരിയും പുരണ്ട് അടുപ്പിന്റെ അടുത്ത് ചലനമറ്റു കിടക്കുന്നു.
എനിക്കൊനും മനസ്സിലായില്ല. ജൂനിയുടെ ഈ ദുരവസ്ഥ എങ്ങിനെ ഉണ്ടായി എന്നും എനിക്ക് മനസ്സിലായില്ല..
ഞാൻ വേഗം ജൂനിയേ എന്റെ കയ്യിൽ എടുത്തു, ജീവൻ ബാക്കി ഉണ്ടെന്ന പോലെ നെഞ്ചിലെ ഇടിപ്പ് അനുഭവപ്പെട്ടു.
തച്ചു പിന്നെയും കരഞ്ഞു.. കുഞ്ഞാ നമ്മടെ ജൂനി.... ആശുത്രി കൊണ്ടോവാ കുഞ്ഞാ.....
ഞാനും ആലോചിച്ചു പെട്ടെന്ന് ആശുപത്രിയില കൊണ്ട് പോയാലോ? പക്ഷെ ആ നേരത്ത് ജൂനിയേ ഏത് ആശുപത്രിൽ എടുക്കാൻ ആണ്.
ഇതൊക്കെ കേട്ട് നിന്ന മിനിചേച്ചി പറഞ്ഞു...
ആശുപത്രിൽ ഒന്നും പോണ്ടാ..നിങ്ങൾ ആരെങ്കിലും ആ വിക്സോ ടൈഗർ ബാമോ ഇങ്ങൊട്ടെടുത്തെ,
ഉമ്മച്ചി വിക്സ് എടുത്തോണ്ട് വന്നു, മിനിചേച്ചി അതില്നിന്നും ഒരല്പം തോണ്ടി എടുത്ത് ജൂനിയുടെ തലക്കും നടുവിനും ഇടയിലായി പതുക്കെ ഒന്ന് തടവി. ഒരനക്കവും ഇല്ലാതെ കിടന്ന ജൂനി അതാ കണ്ണുതുറന്ന് തലതിരിച്ച് ഞങ്ങളെ എല്ലാം നോക്കുന്നു. എന്തായാലും ചികിത്സ ഫലിച്ചു, ഉടനെ തന്നെ മൂപ്പര് കിടന്നിടത്തുന്നും എണീറ്റ് എന്താ ഇവടെ പ്രശ്നം എന്ന ചോദിക്കും പോലെ എല്ലാരേയും മാറി മാറി നോക്കി. പിന്നെ അവിടെ തന്നെ കിടന്ന് തലതിരിച്ച് മേലാസകലം നക്കിതുടച്ച് വൃത്തിയാക്കാൻ തുടങ്ങി. അത് കണ്ടപ്പോ ഒരു സമാധാനം ആയി. പിന്നെ ആണ് ഞാൻ ഇതൊക്കെ എങ്ങനെ സംഭവിച്ചു എന്നതിനെ പറ്റി ഗവേഷിക്കാൻ തുടങ്ങിയത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment